സ്കൂളിലെ ഹിജാബ് വിവാദം; കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് അച്ഛൻ
representative image
കൊച്ചി: പളളുരുത്തി സെന്‍റ്. റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് അച്ഛൻ. ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞതിനും ശേഷം തുടർ തീരുമാനം എടുക്കുമെന്നും കുടുംബം വ്യക്തമാക്കി.
സ്കൂൾ അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കുടുംബത്തെയും കക്ഷി ചേർത്തിട്ടുണ്ട്. വെളളിയാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും.
ഹൈക്കോടതി വിധി വരുന്ന വെളളിയാഴ്ച വരെ കുട്ടിയെ സ്കൂളിലേക്ക് അയക്കില്ലെന്ന് അച്ഛൻ പറഞ്ഞു. സ്കൂളിൽ തുടരാൻ മകൾക്ക് മാനസികമായി താത്പര്യമില്ലെന്നും സ്കൂൾ മാറ്റുമെന്നും അച്ഛൻ പറഞ്ഞിരുന്നു.
ഹിജാബ് ധരിക്കാതെ സ്കൂളിൽ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് തുടർന്നു പഠിക്കാമെന്ന നിലപാടാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ. ആദ്യം കുട്ടിയുടെ അച്ഛൻ സ്കൂൾ മാനേജ്മെന്‍റിന്‍റെ ആവശ്യം അംഗീകരിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.