കൊച്ചി: എറണാകുളം പട്ടിമറ്റത്ത് 38കാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കുളം പുച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കുന്നത്തുനാട് പൊലീസ് കേസെടുക്കുകയും നിഷയുടെ ഭർത്താവ് നാസറിന്‍റെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൊഴികളിൽ വൈരുദ്ധ‍്യമുള്ളതിനാലാണ് നാസറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഈ സമയത്ത് നിഷയുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൂക്കിൽ കൂടി രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാവിലെ ഭർത്താവ് നാസറാണ് മരണവിവരം അയൽവാസികളെ അറിയിച്ചത്. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നാണ് നാസർ അയൽവാസികളോട് പറഞ്ഞത്. സമീപവാസികൾ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് മരിച്ച് കിടക്കുകയാണെന്ന കാര‍്യം മനസിലായത്.
ഉടനെ പൊലീസിൽ വിവരം അറിയിക്കുകയും കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. രാത്രി താനും ഭാര‍്യയും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചതെന്നാണ് നാസറിന്‍റെ മൊഴി. പുലർച്ച രണ്ട് മണിയോടെയാണ് ഉറങ്ങിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വ‍്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.