Kerala

ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക്

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു

കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കൽ കോളെജ് എന്നിവിടങ്ങളിലാണ് നിലവിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളെജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ടും പ്രശസ്ത്ര ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാർ, എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കൽ കോളെജിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. രാജേഷ്, ഹൃദ്യം നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്. കുടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധിക്കും. ഗർഭാവസ്ഥയിൽ ഹൃദ്രോഗ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ഫീറ്റൽ സർജറി ഉൾപ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ വർഷം ഇതുവരെ 446 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ പദ്ധതിയിലൂടെ സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർചികിത്സയും സർക്കാർ ഉറപ്പാക്കി വരുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചു; ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു

സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചു വിട്ട നടപടിയിൽ ആ‍ശങ്ക പ്രകടിപ്പിച്ച് ഇരയായവർ