കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായ രവദ ചന്ദ്രശേഖറിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനത്തെ അനൂകൂലിച്ചാണ് താൻ സംസാരിച്ചതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. എന്നാൽ, തന്‍റെ വാക്കുകളെ ചില മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതുവെന്നും ജയരാജൻ ആരോപിച്ചു.
"പാലക്കാട് മാധ്യമ സുഹൃത്തുക്കൾ എന്നെ വന്ന് കണ്ടപ്പോഴാണ് പുതിയ ഡിജിപിയായി രവദ ചന്ദ്രശേഖറിനെ നിശ്ചയിച്ച കാര്യം അറിഞ്ഞത്. ഞാൻ വാർത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ല. എന്‍റെ പ്രതികരണം ഫെയ്സ് ബുക്കിൽ ഇടുന്നുണ്ട്. അത് കേട്ടാൽ ആർക്കും സംശയമുണ്ടാകില്ല. ഞാൻ മന്ത്രിസഭാ തീരുമാനത്തെ അനൂകൂലിച്ചാണ് പറഞ്ഞിട്ടുളളതെന്ന് മനസിലാകും", ജയരാജൻ പറഞ്ഞു.
സിപിഎമ്മിനെ താറടിച്ച് കാണിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ദുർവ്യാഖ്യാനം മാധ്യമങ്ങൾ നടത്തിയതെന്നാണ് ജയരാജൻ പറഞ്ഞത്. സർക്കാരിന്‍റെ തീരുമാനത്തെക്കുറിച്ച് പറയേണ്ടത് സർക്കാർ ആണ് അല്ലാതെ പാർട്ടി അല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.