കൈക്കൂലി കേസിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ നൽകണം: കമ്മിഷൻ

 
Kerala

കൈക്കൂലി കേസിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ നൽകണം: കമ്മിഷൻ

വിവരങ്ങൾ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് വകുപ്പിലേക്ക് അപേക്ഷ കൈമാറി.

സ്വന്തം ലേഖകൻ

മാള (തൃശൂർ): സംസ്ഥാനത്ത് കൈക്കൂലി കേസിൽ കഴിഞ്ഞ 10 വർഷത്തിനിടെ പിടികൂടിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 5 ദിവസത്തിനുള്ളിൽ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. കൈക്കൂലി കേസിൽ പിടിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ആവശ്യപ്പെട്ടു മാളയിലെ പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ആ വിവരങ്ങൾ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് വകുപ്പിലേക്ക് അപേക്ഷ കൈമാറി.

എന്നാൽ വിജിലൻസ് വകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ കൈവശം ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാത്തതിനാൽ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലേക്കും ആഭ്യന്തര വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും അപേക്ഷ കൈമാറിയതായി പരാതിക്കാരനെ അറിയിച്ചെങ്കിലും കൃത്യമായ മറുപടി ആ വകുപ്പുകളിൽ നിന്നു ലഭിച്ചില്ല. വിജിലൻസ് അഡീഷണൽ സെക്രട്ടറിക്ക് അപ്പീൽ നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഷാന്‍റി ജോസഫ് തട്ടകത്ത് സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ നൽകിയത്.

തുടർന്ന് മനഃപൂർവമല്ലാത്ത പിഴവ് മാപ്പാക്കണമെന്നും മറ്റു നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും വീഴ്ചയിൽ നിന്നു പാഠം ഉൾക്കൊണ്ട് അപേക്ഷകളിൽ കൃത്യമായും സൂക്ഷ്മമായും കൈാര്യം ചെയ്യാമെന്നും വിവരാവകാശ കമ്മിഷനെ ഒന്നാം അപ്പീൽ അധികാരി കൂടിയായ വിജിലൻസ് അണ്ടർ സെക്രട്ടറി രേഖാമൂലം അറിയിച്ചു.

എന്നാൽ വിജിലൻസ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുമായ പി.പി. കരുണാകരൻ നൽകിയ പട്ടികയിൽ കൈക്കൂലി കേസിൽ ഉൾപ്പെട്ട പ്രതികളുടെ പേരോ, ഏത് ഉദ്യോഗസ്ഥനാണെന്നുള്ള വിവരങ്ങളും മറ്റും ഉൾപ്പെടുത്താതെയാണ് ഷാന്‍റി ജോസഫിന് നൽകിയത്.

തുടർന്ന് പരാതിക്കാരനെയും എതിർകക്ഷികളെയും വിവരവകാശ കമ്മിഷൻ നേരിട്ട് കേൾക്കുകയും പരാതിക്കാരന് 5 ദിവസത്തിനുള്ളിൽ പ്രതികളായ ഉദ്യോഗസ്ഥർ, വകുപ്പുകൾ പിടിച്ചെടുത്ത തുക, കേസ് നമ്പർ എന്നിവ കാണിച്ചു രേഖ നൽകാനും ഉത്തരവായി.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി