മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'  
Kerala

മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

"ഹിന്ദു'വിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണിത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റേതായി പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം പറയാത്ത ഭാഗം ഉൾപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് "ദി ഹിന്ദു' ഇംഗ്ലീഷ് ദിനപത്രം. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ "ഹിന്ദു'വിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണിത്.

ഹിന്ദുവിന്‍റെ വിശദീകരണം:

"മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കി തരാമെന്ന് പറഞ്ഞ് പിആര്‍ ഏജന്‍സിയായ "കൈസന്‍' ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29ന് കേരള ഹൗസില്‍ ഞങ്ങളുടെ മാധ്യമ പ്രവര്‍ത്തകയാണ് മുഖ്യമന്ത്രിയെ അഭിമുഖം നടത്തിയത്. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ട അഭിമുഖമാണ് നടത്തിയത്. മുഖ്യമന്ത്രി നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും പറഞ്ഞത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സിയുടെ പ്രതിനിധി അഭ്യർഥിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയ, മുഖ്യമന്ത്രിയുടെ പ്രതികരണം ഏജന്‍സിയുടെ പ്രതിനിധി എഴുതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് മാധ്യമ ധര്‍മത്തില്‍ വന്ന വീഴ്ചയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന്. ആ തെറ്റില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.'

സെപ്തംബർ 30നാണ് "ഹിന്ദു'വിൽ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. അന്ന് ഇതുസംബന്ധിച്ച് ഒരു പ്രതികരണവും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായില്ല. അഭിമുഖം വിവാദമായതിനു ശേഷമാണ് ഒരു ദിവസം വൈകി ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി "ഹിന്ദു' എഡിറ്റർക്ക് കത്തയച്ചത്.

അഭിമുഖത്തിൽ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്‍റെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് കത്തിൽ ഓർമപ്പെടുത്തി. "ദേശവിരുദ്ധ പ്രവര്‍ത്തന'മെന്നോ 'രാജ്യ വിരുദ്ധ' പ്രവര്‍ത്തനമെന്നോ ഉപയോഗിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്‍റെയും നിലപാട് പ്രതിഫലിപ്പിക്കുന്നവയല്ല ഈ വാക്കുകള്‍. ഈ പദങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ പ്രചാരണത്തിനും വ്യാഖ്യാനത്തിനും വഴിയൊരുക്കി' എന്നും കത്തില്‍ വിശദമാക്കി. അതിനു ശേഷമാണ് "ഹിന്ദു'വിന്‍റെ ഖേദപ്രകടനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു