പിണറായി വിജയൻ, വീണ തൈക്കണ്ടിയിൽ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എംഎൽഎ, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകി.
ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന കാര‍്യം സർക്കാരിന് തീരുമാനിക്കാമെന്ന് നിയമോപദേശത്തിൽ പറയുന്നതായാണ് വിവരം. സുപ്രീം കോടതി വിധികൾ ഉൾപ്പടെ നിയമോപദേശത്തിൽ ചേർത്തിട്ടുള്ളതായാണ് സൂചന.
ഡിജിപിയുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. വിഷയത്തിൽ വൈകാതെ തന്നെ സർക്കാർ തുടർനടപടി സ്വീകരിച്ചേക്കും. അതേസമയം, വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നുമാണ് ഇഡി നൽകിയ വിവരങ്ങളിൽ പറഞ്ഞിരുന്നത്. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു.