കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫീസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി
file
കണ്ണൂർ: മുൻ മന്ത്രിയും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ നിർമിക്കുന്ന കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിന്‍റെ ഫണ്ട് പിരിവിൽ ക്രമക്കേട് നടന്നതായി ആരോപണം.
ഫണ്ട് പിരിച്ച് രണ്ടു വർഷമായിട്ടും കെട്ടിടം നിർമിക്കാത്തതിനു പിന്നിൽ സാമ്പത്തിക ക്രമക്കേടാണെന്നാണ് ആരോപണം. സംഭവത്തിൽ അടുത്തിടെ നടന്ന ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.
ഓഫിസ് നിർമാണത്തിനു വേണ്ടി കണ്ണൂർ നഗരത്തിൽ 70 ലക്ഷം രൂപ ചെലവഴിച്ച് പഴയ വീട് ഉൾപ്പെടുന്ന സ്ഥലം വാങ്ങിയതായും ലോക്കൽ സെക്രട്ടറിയെന്ന പേരിൽ സ്ഥലം രജിസ്റ്റർ ചെയ്യുന്നതിനു പകരം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായും നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ ഈ സ്ഥലം വച്ച് ബാങ്കിൽ നിന്നും വായ്പയെടുത്തെന്നും രമേശനെതിരേ ആരോപണമുണ്ട്. ഫണ്ട് ശേഖരണത്തിനായി പ്രദർശന പരിപാടി നടത്തിയതിന്‍റെ അടക്കം കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
എന്നാൽ പാർട്ടിക്കെതിരേ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് സിപിഎം കണ്ണൂർ ഏരിയാ കമ്മിറ്റി വ‍്യക്തമാക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്താൻ രണ്ടംഗ കമ്മിഷനെ നിയമിക്കാൻ നേതൃത്വം തീരുമാനിച്ചതായാണ് സൂചന.
നേരത്തെ പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിനു പിന്നാലെയാണ് കണ്ണൂരിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൊണ്ട് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾ ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.