204 ദിവസം സമ്മേളനം, പാസാക്കിയത് 168 ബില്ലുകൾ; ചരിത്രത്തിലിടം നേടി പതിനഞ്ചാംകേരള നിയമസഭ

 
Kerala

204 ദിവസം സമ്മേളനം, പാസാക്കിയത് 168 ബില്ലുകൾ; ചരിത്രത്തിലിടം നേടി പതിനഞ്ചാംകേരള നിയമസഭ

പതിനഞ്ചാം കേരള നിയമസഭ തുടങ്ങിയപ്പോഴുണ്ടായിരുന്ന അംഗങ്ങളിൽ 8 പേർ സഭ അവസാനിക്കുമ്പോൾ സഭയിലില്ല

MV Desk

തിരുവനന്തപുരം: നിയമനിർമാണം മുതൽ നയപ്രഖ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വരെ ചരിത്രത്തിലിടം നേടിയാണ് പതിനഞ്ചാംകേരള നിയമസഭ പിരിഞ്ഞത്. 2021 മെയ് 3-ാം തീയതി രൂപീകൃതമായ ശേഷം ആകെ 204 ദിവസമാണ് സഭാ സമ്മേളനം നടന്നത്. സമ്മേളന ദിവസങ്ങളുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ പാസാക്കിയതും ഈ സഭാ കാലയളവിലാണ്.

ആകെ പ്രസിദ്ധീകരിച്ച 195 ഗവണ്‍മെന്‍റ് ബില്ലുകളില്‍ 168 ബില്ലുകളും പാസാക്കി. റൂൾ 50 പ്രകാരം സഭ നിർത്തിവയ്ക്കണമെന്ന ഉപക്ഷേപത്തിന്മേൽ ചർച്ച നടക്കുന്നത് സഭാ സമ്മേളനങ്ങളിൽ അപൂർവമായിരുന്നെങ്കിൽ 18 നോട്ടീസുകളിൽ ചർച്ച നടത്തി ഈ കാലയളവ് ശ്രദ്ധേയമായി. സഭ നിയന്ത്രിക്കുന്നതിനുള്ള ചെയര്‍പേഴ്സന്മാരുടെ മൂന്നംഗ പാനലില്‍ വനിതാ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തുന്ന നടപടിയും ഈ കാലയളവിലുണ്ടായി.

പതിനഞ്ചാം കേരള നിയമസഭ തുടങ്ങിയപ്പോഴുണ്ടായിരുന്ന അംഗങ്ങളിൽ 8 പേർ സഭ അവസാനിക്കുമ്പോൾ സഭയിലില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.ടി. തോമസ്, വാഴൂര്‍ സോമന്‍, കാനത്തില്‍ ജമീല എന്നിവരുടെ വിയോഗമാണ് അസാനിധ്യത്തിന് കാരണമായത്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനും അംഗമായിരുന്ന ഷാഫി പറമ്പിലും രാജിവച്ചു. തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതിന്‌ പിന്നാലെ പി.വി. അൻവറും രാജിവച്ചു. കോടതി വിധിയെ തുടര്‍ന്ന് ആന്‍റണി രാജു അയോഗ്യനാക്കപ്പെട്ടു. സഭാ കാലാവധി അവസാനിക്കുമ്പോള്‍ പീരുമേട്, കൊയിലാണ്ടി, തിരുവനന്തപുരം എന്നീ 3 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

സഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം നടന്നതും ഈ സഭാ കാലയളവിലാണ്. 2024 ജനുവരി 25ന് അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യത്തെയും അവസാനത്തെയും ഖണ്ഡിക മാത്രം വായിച്ച് നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റു കൊണ്ടാണ് അവസാനിപ്പിച്ചത്. ആരിഫ് മുഹമ്മദ്ഖാന്‍ നാലു പ്രാവശ്യവും ഇപ്പോഴത്തെ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രണ്ടു പ്രാവശ്യവും നയപ്രഖ്യാപന പ്രസംഗം നടത്തി.

പതിനഞ്ചാം നിയമസഭയുടെ ഒന്നു മുതല്‍ 16 വരെയുള്ള സമ്മേളനങ്ങളില്‍ 204 ദിവസങ്ങളിലായി 1,192 മണിക്കൂര്‍ 23 മിനിട്ടാണ് സഭ ആകെ സമ്മേളിച്ചത്. സഭയുടെ തുടക്കത്തിൽ എം.ബി. രാജേഷ് ആയിരുന്നു സ്പീക്കർ. പിന്നീട് രാജേഷ് മന്ത്രിയായതിനെ തുടന്ന് 2022 സെപ്റ്റംബർ 12ന് എ.എൻ ഷംസീർ സ്പീക്കറായി ചുമതലയേറ്റു.

"തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു"; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി. അൻവർ

ജമ്മു കശ്മീർ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം

"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

ലബനനിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്ത് ഇസ്രയേൽ സൈന‍്യം