പൊലീസ് നുണ പറഞ്ഞു; പരാതിക്കാരനു നഷ്ടപരിഹാരം
പ്രതീകാത്മക ചിത്രം
കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചെന്ന് ആരോപിച്ച് സ്കൂട്ടര്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. കാളികാവ് വെന്തോട ന്‍പടിയിലെ വെന്തോടന്‍ വിരാന്‍കുട്ടിയുടെ സ്കൂട്ടര്‍ വിട്ടുനല്‍കാന്‍ കാളികാവ് പൊലീസിനോട് ആവശ്യപ്പെട്ടതിന് പുറമെ, വീരാന്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
2022 ഒക്ടോബര്‍ 17ന് പിടിച്ചെടുത്ത സ്കൂട്ടറുമായി ബന്ധപ്പെട്ട കേസിലാണ് വീരാന്‍കുട്ടിക്ക് അനുകൂലമായി ഹൈക്കോടതിയുടെ ഉത്തരവ്. പരാതിക്കാരന്‍ 'സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ്' വാഹനം എന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ വീരാന്‍കുട്ടി സമര്‍പ്പിച്ച രസീതും മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ടും പരിഗണിച്ച കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്കൂട്ടര്‍ ഓടിച്ചെന്നാരോപിച്ചാണ് മൂന്ന് വര്‍ഷം മുന്‍പ് കാളികാവ് ഇന്‍സ്പെക്ടര്‍ വാഹനം തടഞ്ഞത്. സ്കൂട്ടര്‍ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി ഇട്ടില്ലെങ്കില്‍ കേസെടുക്കുമെന്ന് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് വീരാന്‍കുട്ടി പരാതിപ്പെട്ടിരുന്നു.
സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കിയില്ല. പിഴ കോടതിയില്‍ അടക്കാമെന്ന വാദവും പൊലീസ് അംഗീകരിച്ചില്ല. വാഹനം പിടിച്ചെടുത്തതായി കാണിച്ച് വീരാന്‍കുട്ടിക്ക് കാളികാവ് പൊലീസ് നല്‍കിയ രസീത് പക്ഷെ, പിന്നീട് പൊലീസിന് തന്നെ തലവേദനയാവുകയായിരുന്നു.
രസീതില്‍ വാഹനം പിടിച്ചെടുത്തതിന് കാരണവും ഏത് വകുപ്പ് പ്രകാരമാണ് നടപടിയെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതോടെ പരാതിക്കാരന്‍ രസീതുമായി ഹൈക്കോടതിയെ സമീപിച്ചു. വാഹനം പിടിച്ചെടുക്കാനുള്ള നടപടിക്രമം പൊലീസ് പാലിച്ചില്ല, സംഭവസ്ഥലത്ത് നിന്ന് വാഹനം പൊലീസ് പിടിച്ചെടുത്തില്ല തുടങ്ങിയ കാരണങ്ങള്‍ ഇദ്ദേഹം പരാതിയില്‍ ആരോപിച്ചു.
രേഖകളുടെ അഭാവം, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കരുതെന്ന ഡിജിപിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് പൊലീസ് ഇത്തരമൊരു നടപടിയെടുത്തതെന്നും വീരാന്‍കുട്ടി ആരോപിച്ചു.