കെ.ജി. പരമേശ്വരൻ നായർ
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു. തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. 1931ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ.കൃഷ്ണപിള്ളയുടെയും കെ.തങ്കമ്മയുടെയും മകനായി ജനിച്ചു "കേരള നിയമസഭ ചരിത്രവും ധർമവും' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്‍റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്റ്റ്യൻ അവാർഡ്, കെ. വിജയരാഘവൻ അവാർഡ്, പി.സി. സുകുമാരൻ നായർ അവാർഡ്, മികച്ച നിയമസഭാ റിപ്പോർട്ടിങ്ങിനുള്ള ജി. കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ 11 മുതൽ 11.45 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് എത്തിക്കും . വൈകിട്ട് 3.30 ന് തൃക്കണ്ണാപുരത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും.
സംഗീതാധ്യാപികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മയാണ് ഭാര്യ. മക്കൾ: രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്‌സ്), സുജ (എൽഐസി ഹൗസിങ് ഫിനാൻസ്). മരുമക്കൾ: രാജശേഖരൻ ( മുൻ അനൗൺസർ, ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട്). കെ.ജി. പരമേശ്വരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. പുതുമുഖമായി നിയമസഭയിൽ എത്തിയ താനടക്കമുള്ളവർക്ക് കെ.ജി പരമേശ്വരൻ നായരുടെ റിപ്പോർട്ടുകൾ റഫറൻസായിരുന്നെന്നു സതീശൻ.