പ്രതി സന്തോഷ്, രാധാകൃഷ്ണൻ
കണ്ണൂർ: കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന രാധാകൃഷ്ണനെ കൊന്നത് ഇദ്ദേഹത്തിന്‍റെ ഭാര‍്യയുമായി പ്രതിയുടെ സൗഹൃദം തകർന്നത് കാരണമെന്ന് എഫ്ഐആർ. കേസിൽ പ്രതിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ ഭാര‍്യയും സഹപാഠികളായിരുന്നു.
കുടുംബ പ്രശ്നങ്ങൾ കാരണം രാധാകൃഷ്ണന്‍റെ ഭാര‍്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു പ്രതി സന്തോഷ് രാധാകൃഷ്ണനെ വെടിവച്ചു കൊന്നത്. വെടിയൊച്ച കേട്ട് സമീപവാസികൾ വീടിനടുത്ത് എത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്.
ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സന്തോഷ് മദ‍്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം. കൊല്ലപ്പെട്ട രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര‍്യ ബിജെപി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.