കെ.സി. വേണുഗോപാൽ എംപി
File
ന്യൂഡല്‍ഹി: യുഡിഎഫിന്‍റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നത് പൊതുജനമധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും, അക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളോ അതിലെ നെഗറ്റീവോ പോസിറ്റീവോ ഒന്നും കാര്യമായെടുക്കുന്നില്ല. മേയ് നാലിന് ഫലം വരുമ്പോള്‍ ജനം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുവരെ കാത്തിരിക്കൂ എന്നാണ് എല്ലാവരോടും പറയാനുള്ളത്. മണ്ഡലപുനര്‍നിർണയം പോലെ രാജ്യത്തെ ജനാധിപത്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ ഇത്തരം മുഖ്യമന്ത്രിസ്ഥാനം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന് അതിന്‍റേതായ നേതൃത്വവും വ്യവസ്ഥാപിതമായ രീതികളുമുണ്ട്. നേതാക്കള്‍ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരന്‍ മുതിര്‍ന്ന നേതാവാണ്. പൊതുവായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. എങ്കിലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് തന്‍റെ അഭിപ്രായം.
തന്നെക്കുറിച്ചും ചില മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിയല്ലോ. താന്‍ വട്ടപ്പൂജ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. പത്ത് കൊല്ലമായി താന്‍ ഇത് കേട്ടുകൊണ്ടിരിക്കുന്നതാണ്. തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതു വരെ കാത്തിരിക്കൂ എന്നാണ് അവരോടും പറയാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ആ ഒരുമ അവിടെത്തന്നെയുണ്ടാകും. സ്ഥാനാര്‍ഥി നിർണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലും കലാപവും ഉണ്ടാകുമെന്നാണല്ലോ പലരും പറഞ്ഞുകൊണ്ടിരുന്നത്? എന്നിട്ടും എല്ലാം സുഗമമായി നടന്നില്ലേ? ഇനിയും എല്ലാം സുഗമമായിത്തന്നെ മുന്നോട്ടു പോകുമെന്നും കെ.സി. വേണഗോപാൽ അവകാശപ്പെട്ടു.