പി.ബി ബിച്ചു
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മുൻ നയപ്രഖ്യാപനങ്ങളിലേതിന് സാമനമായി കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ഭാഗങ്ങളൊന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായില്ല. എന്നാൽ, കേന്ദ്ര സർക്കാരിൽ നിന്നും ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്‍റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായെന്നും സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചൂണ്ടിക്കാട്ടി. റവന്യൂ വരുമാനം സമാഹരിക്കുവാനും ചെലവ് യുക്തിസഹമാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുമ്പോഴും കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക കൈമാറ്റത്തിലെ വിഹിതത്തിന്‍റെ കുറവ് മൂലം സംസ്ഥാനം പണഞെരുക്കത്തെ നേരിടുന്നെന്നും നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ആദ്യഭാഗത്തായി ഗവർണർ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയ തിലൂടെയും കുറഞ്ഞു വരുന്ന റവന്യൂ കമ്മി ഗ്രാന്‍റിന്‍റെയും ഫലമായി കേരളം സാമ്പത്തിക ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പതിനാറാം ധനകാര്യകമ്മീഷൻ കേരളം സന്ദർശിച്ച് സർക്കാരുമായി ചർച്ച നടത്തിയ വേളയിൽ നൽകിയ വിശദമായ നിവേദനത്തിൽ സംസ്ഥാനം നേരിട്ടുവരുന്ന വെല്ലുവിളികൾ വ്യക്തമാക്കുകയും ഗുണപരമായ നടപടികൾ ആവശ്യപ്പെടുകയുമുണ്ടായെന്നും ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷയാണെന്നും ബജറ്റ് പ്രസംഗത്തിലുണ്ട്.
കടമെടുപ്പ് പരിധി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ മുൻ പ്രസംഗങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായ വിമർശനങ്ങൾപോലും വായിച്ചിരുന്നു. അതേസമയം, 10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടിയിലെ ജനങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു.
നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നതടക്കം സർക്കാരിന്‍റെ വികസന കാഴ്ചപ്പാടുകളും ഗവർണർ പ്രസംഗത്തിലൂടെ പരാമർശിച്ചു.20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും മറുപടിയുമാണ് സഭയുടെ കാര്യപരിപാടി. ഈ ദിവസങ്ങളിൽ ചോദ്യോത്തരവേളയില്ലാതെ ശൂന്യവേളയോടെയായിരിക്കും സഭ തുടങ്ങുക. രാഷ്ട്രീയ വിവാദങ്ങളടക്കം ഈ ദിവസങ്ങളിൽ സഭയിലേക്കെത്തും. 23ന് സഭ സമ്മേളനത്തിന്‍റെ ആദ്യ സെഷൻ പിരിയും. ഇടവേളക്കുശേഷം ഫെബ്രുവരി ഏഴിന് ബജറ്റ് അവതരണത്തിനായി സഭ വീണ്ടുംചേരും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 13ന് 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 28നാണ് സഭ പിരിയുക.
വികസന നേട്ടങ്ങളില്‍ മാതൃകയാണ് കേരളം.
വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന.
പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും.
6,40,004 അതിദരിദ്രരെ കണ്ടെത്തി ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി
സാമൂഹിക സുരക്ഷ ശക്തമാണ്.
എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും.
ദേശീയപാത വികസനം പുരോഗമിക്കുന്നു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്
സഹകരണ മേഖലയിൽ നിന്നും നേരിട്ടുള്ള വ്യാപാരത്തിന് അങ്ങാടി കേരള ആപ്പ്
1662 കേരള സ്റ്റോറുകളാണ് നിലവിലുള്ളത് ,ഇത് 2500 ആക്കും
കുടുംബശ്രീ ഹോം കെയർ പദ്ധതി വ്യാപിപ്പിക്കും
സൈബർ ഭീഷണികൾ ചെറുക്കാൻ സെൻട്രലൈസ്ഡ് സെക്യൂരിറ്റി ഓപ്പറേഷൻ സെന്‍റർ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ സമവായ ശ്രമം നടത്തും