.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#പി.ബി. ബിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഇലക്ട്രിക് ബസുകള്‍ക്കെതിരേ പുതിയ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സ്വീകരിച്ച നിലപാടിന് ബജറ്റിൽ പിന്തുണ. മന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചെങ്കിലും, കെഎസ്ആർടിസിയെ ഇത്തവണ കാര്യമായി പരിഗണിച്ചിട്ടുമില്ല.
കെഎസ്ആര്‍ടിസിക്ക് ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വാക്കുകൾ വിവാദമായിരുന്നെങ്കിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത് സംബന്ധിച്ച് ബജറ്റിൽ യാതൊരു പരാമര്‍ശവും നടത്തിയില്ലെന്ന് മാത്രമല്ല, പകരം, പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 നിലവാരത്തിലുള്ള ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ വകയിരുത്തുകയും ചെയ്തു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗണേഷ് കുമാര്‍ കൂടുതല്‍ ഡീസല്‍ ബസുകള്‍ കോർപ്പറേഷനിലേക്ക് വാങ്ങുമെന്ന് പറഞ്ഞിരുന്നു.
നേരത്തെ ഇലക്ട്രിക് ബസുകൾ വെള്ളാനയാണെന്നു പറഞ്ഞ മന്ത്രിയുടെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും വി.കെ. പ്രശാന്ത് എംഎൽഎയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന മന്ത്രി ഗണേഷ്കുമാറിന്റെ വാദം തള്ളി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നതും മന്ത്രിക്ക് തിരിച്ചടിയായി. മന്ത്രിക്ക് അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ഇ-ബസ് ടെൻഡറുമായി മുന്നോട്ടുപോകാനായിരുന്നു എൽഡിഎഫിന്റെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനം.
എന്നാൽ, ബജറ്റ് പ്രഖ്യാപനത്തിലെത്തിയതോടെ എൽഡിഎഫ് നിലപാടുകളെ അനുകൂലിക്കാതെ മന്ത്രിയുടെ തീരുമാനത്തിന് അനുകൂലമായി ഡീസൽ ബസുകൾ വാങ്ങുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്. കൂടാതെ മുൻ ബജറ്റുകളിൽ ശരാശരി 1,000 കോടി രൂപയോളം കോർപ്പറേഷന് വകയിരുത്തിയിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റിൽ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 128.54 കോടി രൂപയടക്കം 300 കോടിയിൽ താഴെ മാത്രമാണ് നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്കായി കണക്കാക്കിയിരിക്കുന്നത്.
അതേസമയം, എല്‍ഡിഎഫ് സർക്കാര്‍ 2016-21 കാലയളവില്‍ 5,002.13 കോടി രൂപയും രണ്ടാം പിണറായി സർക്കാർ ഇതുവരെ 4,917.92 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയെ കാര്യമായി പരിഗണിക്കാത്തതിൽ തൊഴിലാളി സംഘടനകൾ ഉടക്കുമെന്ന് ഉറപ്പാണെന്നതിനാൽ വരും ദിവസങ്ങളിൽ തീരുമാനത്തിൽ മാറ്റം വരാനാണ് സാധ്യത.