തിരുവനന്തപുരം: നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് സാധിച്ചതോടെ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ആശ്വാസം. കരുവന്നൂർ അടക്കമുള്ള ബാങ്കുകളിലെ തട്ടിപ്പുകൾ പുറത്തുവന്നതോടെ ഉണ്ടായ തിരിച്ചടി നേരിടാൻ ഇതു സഹായമാകുമെന്നാണ് പ്രതീക്ഷ.
'സഹകരണ നിക്ഷേപം നവകേരള നിർമിതിക്കായ്' എന്ന മുദ്രാവാക്യത്തോടെ ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം നടത്തിയത്. 9,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇതിന്‍റെ ഇരട്ടിയിലധികം, അതായത്. 23,263 കോടി രൂപ സമാഹരിക്കാൻ സാധിച്ചു.
7,000 കോടി രൂപ 14 ജില്ലകളിൽ നിന്നും 2,000 കോടി രൂപ കേരള ബാങ്ക് വഴിയും സമാഹരിക്കാനായിരുന്നു ശ്രമം. എന്നാൽ, 20,055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകൾക്കു സമാഹരിക്കാൻ സാധിച്ചു. ഒപ്പം, 3,208.31 കോടി രൂപ കേരള ബാങ്കും സമാഹരിച്ചു. ഏറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിക്കാൻ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകൾക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4,347.39 കോടി രൂപ സമാഹരിച്ചു.
രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2,692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ലക്ഷ്യമിട്ടത് 800 കോടി), മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിൽ 2,569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു (ലക്ഷ്യം 1100 കോടി), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1,398.07 കോടി രൂപയും അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1,341.11 കോടി രൂപയുമാണ് പുതുതായി സമാഹരിച്ചത്.
മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങൾ, ടാർജറ്റ് ബ്രാക്കറ്റിൽ: തിരുവനന്തപുരം 1,171.65 കോടി (450), പത്തനംതിട്ട 526.90 കോടി (100), ആലപ്പുഴ 835.98 കോടി (200), കോട്ടയം 1,238.57 കോടി (400), ഇടുക്കി 307.20 കോടി (200), എറണാകുളം 1,304.23 കോടി രൂപ (500), തൃശൂർ 1,169.48 കോടി രൂപ (550), കോഴിക്കോട് 4347.39 കോടി (850), വയനാട് 287.71 കോടി രൂപ (150), കാസർഗോഡ് 865.21 കോടി രൂപ (350).