വിവാഹങ്ങളിലും ഹിൽ സ്റ്റേഷനുകളിലും പ്ലാസ്റ്റിക് നിരോധനം
freepik
കൊച്ചി: വിവാഹ ചടങ്ങുകളിലും മൂന്നാർ, വാഗമൺ, നെല്ലിയാമ്പതി, അതിരപ്പിള്ളി പോലെയുള്ള എല്ലാ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച് ഹൈക്കോടതി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക പരിപാടികള്‍ എന്നിവയില്‍ 5 ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, 2 ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി പറഞ്ഞു.
ഗാന്ധി ജയന്തി ദിനമായ ഒക്റ്റോബര്‍ 2 മുതല്‍ നിരോധനം പ്രാബല്യത്തിലാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനോടു നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ 60 ജിഎസ്എമ്മില്‍ കൂടുതലുള്ള നോണ്‍ വോവന്‍ ബാഗുകളുടെ കാര്യത്തില്‍ നിരോധനം ബാധകമല്ല.
നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കാൻ കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കാൻ സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം - ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇക്കൊല്ലം മാർച്ചിൽ തന്നെ ഹൈക്കോടതി ഇത്തരം ചില നിർദേശങ്ങൾ സർക്കാരിനു മുന്നിൽ വച്ചിരുന്നു. വിവാഹ സൽക്കാരങ്ങളടക്കം കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ അരലിറ്റർ വെള്ളക്കുപ്പികൾക്ക് വിലക്കുണ്ടെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി കോടതിയെ അറിയിച്ചു. മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.