Digital transformation in health sector. Symbolic image.
Kerala

കേരളത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം

ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ്

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ- ലൂജ് മീഡിയയും ഐടി വകുപ്പും ചേർന്ന് ലഡാക്കിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കാൻ പദ്ധതിയാവിഷ്‌ക്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ഇ- ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി. ക്യാൻസർ രോഗനിർണയത്തിനും ചികിത്സ ഏകോപിപ്പിക്കുന്നതിനും ക്യാൻസർ ഗ്രിഡ്, ക്യാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി.

വിപുലമായ ഇ- സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസൾട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓൺലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി-ഡിറ്റ് ആണ് ആശാധാര പോർട്ടൽ വികസിപ്പിച്ചത്.

2,000 പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും അശാധാര പോർട്ടൽ സഹായിക്കുന്നു.

കേരളത്തിൽ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളെജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്റ്റർ നൽകുന്നതിനു പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്റ്ററിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്റ്റർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്‍റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നു. ഇതു കൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

തേങ്ങയെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോതമം​ഗലത്തെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെൺസുഹൃത്ത് അറസ്റ്റിൽ

ആശുപത്രി ഉപകരണങ്ങൾ കാണാനില്ലെന്ന മന്ത്രിയുടെ ആരോപണം തളളി ഡോ. ഹാരിസ് ചിറക്കൽ

ഇടുക്കി ശാന്തൻപാറയിലെ മരം മുറി; സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ