വെന്തുരുകുമ്പോൾ വൈദ്യുതി മുടങ്ങരുത്, കെഎസ്ഇബിക്ക് നിർദേശവുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം
തിരുവനന്തപുരം: കടുത്ത വേനലിനെ തുടർന്ന് വൈദ്യുത ഉപയോഗം റെക്കോർഡിട്ടതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ഇപ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം.
വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയതോതിൽ ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം നിർദേശിച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്.
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിൽ ഇതിലും ചർച്ചയുണ്ടായി. കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്‍റിവെനം ലഭ്യമാക്കാനും തെരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടു. മുഴുവൻ അങ്കണവാടികളും താപപ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചൂട് ബാധിക്കാത്ത കെട്ടിടങ്ങളാക്കിമാറ്റും.
പൊതുയിടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒആർഎസ്, സൂര്യതാപ പ്രഥമശുശ്രൂഷാ സൗകര്യം എന്നിവ ഒരുക്കും. താത്കാലിക തണൽപ്പന്തലുകൾ സ്ഥാപിക്കണം. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്‌നലിന്റെ സമയ ദൈർഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് കളക്ടർമാർ ആവശ്യമായ നടപടിയെടുക്കണം. പൊതുപരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും. വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും ഓട്ടോ-ടാക്‌സി സ്റ്റാൻഡുകളിലും തണ്ണീർപ്പന്തലുകൾ സ്ഥാപിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ജലഅതോറിറ്റിക്കും നിർദേശം നൽകി. ചൂട് നേരിടുന്നതിന് പഞ്ചായത്തുതലത്തിലും കർമപദ്ധതിക്കു രൂപംനൽകും.