'വണ്ടിയോടിക്കുമ്പോൾ 'തല'യ്ക്ക് ഇഷ്ടം?' മണിക്കുട്ടി ഓടിത്തുടങ്ങി, വേഗം പറ...
കേരളത്തിലുടനീളം ഇപ്പോൾ തലയുടെ വിളയാട്ടമാണ്. ഛോട്ടാ മുംബൈ റീറിലീസ് മലയാളികളൊന്നടങ്കം ഏറ്റെടുത്തു. ഇപ്പോഴിതാ കേരള പൊലീസും തലയെ കൂട്ടു പിടിച്ചിരിക്കുകയാണ്. പലപ്പോഴും കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടുന്ന അവബോധ പോസ്റ്റുകൾ സോഷ്യൽ മീഡിയയുടെ പൾസ് അറിയുന്നതായിരിക്കും.
ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന, വാഹനമൊടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെന്ന് ഓർമിപ്പിക്കുന്ന പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ടെലിവിഷൻ പ്രോഗ്രാമായ കോടീശ്വരനിൽ ചോദ്യങ്ങൾ പ്രത്യക്ഷപ്പെടും വിധമാണ് ഇത്തവണത്തെ പോസ്റ്റ്. മണിക്കുട്ടി ഓടിത്തുടങ്ങി, വേഗം ഉത്തരം പറഞ്ഞോളൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
"ബൈക്ക് ഓടിക്കുമ്പോൾ 'തല'യ്ക്ക് ഇഷ്ടം'' എന്നാണ് ചോദ്യം. ഓപ്ഷനുകളായി 'പുട്ടും കടലയും', 'തട്ടു ദോശയും രസവടയും', 'അലുവയും മത്തിക്കറിയും', 'ഹെൽമെറ്റ്' എന്നിവ നൽകിയിരിക്കുന്നു. ഇതിൽ ഹെൽമെറ്റ് എന്ന ഓപ്ഷന് ശരിയുത്തരം എന്ന നിലയിൽ പച്ച നിറവും നൽകിയിരിക്കുന്നു. ഛോട്ടാ മുംബൈയിലെ തലയുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.