ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി കേരളം; പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' 
Kerala

ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി കേരളം; പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍'

ബോര്‍ഡില്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം

Renjith Krishna

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറിക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളാനാവാതെയായതോടെയാണ് ആരോഗ്യവകുപ്പ് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി ഉത്തരവിറക്കിയത്.

പേര് മാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരില്ലെന്നും ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നുമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചത്. അതുകൊണ്ട് അത്തരം ഒരുപേരുമാറ്റം കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണ ജോർജും പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോഴാണ് പേര് മാറ്റാൻ സർക്കാർ നിർബന്ധിതമായത്.

2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ തെരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോവുകയായിരുന്നു. സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യു.പി.എച്ച്‌.സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിർ എന്നു മാറ്റാൻ ഉത്തരവിൽ പറയുന്നു.

ബോര്‍ഡില്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം. കൂടാതെ കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യമിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം. ആരോഗ്യം പരമം ധനം എന്നും ബോര്‍ഡില്‍ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച നടപടികള്‍ 2023 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി