തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി
കൊച്ചി: വെറ്റിലയ്ക്കടുത്ത് തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്ന് അപകടം. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകർന്നത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. 40 വർഷം പഴക്കമുള്ള ഒന്നേകാല്‍ കോടി ലിറ്ററിന്‍റെ സംഭരണശേഷിയുള്ള ടാങ്കാണിത്.
അപകട സമയത്ത് ടാങ്കിൽ 80 ശതമാനത്തോളം വെള്ളമുണ്ടായിരുന്നു. വീടുകളിലേക്ക് വെള്ളം കയറിയപ്പോഴാണ് പലരും സംഭവം അറിയുന്നത്. മിക്ക വീടുകളിലും ചെളി കോരിക്കളയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പല വീടുകളിലും വെള്ളം ഒഴുക്കി കളയാനായി മോട്ടോര്‍ വരെ ഉപയോഗിക്കേണ്ടി വന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറുകളിലും ചെളിയും വെള്ളവും കയറി സ്റ്റാര്‍ട്ട് ചെയ്യാനാകാത്ത നിലയിലാണുള്ളത്.
തൃപ്പൂണിത്തുറ, പേട്ട മേഖലകളിലും നഗരത്തിലെ വിവിധയിടങ്ങളിലും കുടിവെള്ള വിതരണം തടസപ്പെടുമെന്നാണ് വിവരം. ജലവിതരണം പഴയ സ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.