കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുക. കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പേരാണ് പ്രതികൾ. കേസിലെ എട്ടാം പ്രതിയായ ദിലീപ് ബലാത്സംഗ ഗൂാഢാലോചന കേസിലാണ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്‍റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷങ്ങൾക്ക് ശേഷം കോടതി ജാമ‍്യം അനുവദിച്ചിരുന്നു.
2017 ൽ ഫെബ്രുവരിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ചാണ് നടി ബലാത്സംഗത്തിന് ഇരയായത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്‍റെ വിചാരണ നടപടികളാണ് അവസാനഘട്ടത്തിലേക്ക് എത്തുന്നത്. കേസിലെ സാക്ഷിവിസ്താരം ഒന്നര മാസം മുൻപ് പൂർത്തിയായിരുന്നു.
ബുധനാഴ്ച ആരംഭിക്കുന്ന പ്രൊസിക‍്യൂഷൻ വാദം രണ്ടാഴ്ചയെങ്കിലും നീണ്ടുനിൽക്കാനാണ് സാധ‍്യത. കേസിന്‍റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.