കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാവുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദീപ്തി മേരി വര്‍ഗീസ്. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും ദീപ്തി പ്രതികരിച്ചു.
"കൂടുതൽ കൗൺസിലർമാരുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായത്. ഒരു സ്ഥാനവും ആരും എനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല ഞാൻ. രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും'' ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിന് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത്. ജയിച്ചുവന്ന 46 കൗണ്‍സിലര്‍മാരോടൊപ്പമാണ് താന്‍. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും ദീപ്തി പ്രതികരിച്ചു.