അതുല്യ
കൊല്ലം: ഷാർജയിൽ വിപഞ്ചികയ്ക്ക് പിന്നാലെ വീണ്ടും മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശിയായ അതുല്യയെ (30) തന്‍റെ ജന്മദിനത്തിലാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനമായിരുന്നെന്ന് അതുല്യയുടെ അമ്മ പറയുന്നു. ശാരീരികമായും മാനസികമായും പീഡനം താങ്ങാനാവാതെ വന്നപ്പോൾ മകളോട് ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞിരുന്നു. തുടർന്ന് വിവാഹ മോചനത്തിന് ശ്രമിച്ചെങ്കിലും 2 കൗൺസിലിങ്ങിന് ശേഷം ഇരുവരും ഒത്തു തീർപ്പിലാവുകയായിരുന്നു.
വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സതീഷ് വരികയും അതുല്യയെ കൂട്ടികൊണ്ടുപോകുകയുമായിരുന്നു. ഇതിനു ശേഷവും പീഡനങ്ങൾ തുടരുകയായിരുന്നു. മകളുടെ വിദ്യാഭ്യാസത്തിന്‍റെ പേരിലാണ് അതുല്യ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ മടിച്ചത്. വിവാഹ ബന്ധം വേർപ്പെടുത്തിയാൽ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നെന്നും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, കൊലപാതകമാണിതെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
കൊലപാതക കുറ്റം ചുമത്തി സതീഷിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്‍റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി. ഷാർജ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.