പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. അതേസമയം, കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി.
ക്രിസ്തുമസ് വിപണിക്കായി തയ്യാറെടുത്തു നിൽക്കുമ്പോഴാണ് കർഷകരെ ആശങ്കയിലാക്കി പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയിൽ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കുക.
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. കോഴി, താറാവ്, കാട എന്നിവ ഇതിൽ ഉൾപ്പെടും. ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കുന്നതോടെ കർഷകരുടെ ക്രിസ്തുമസ് പുതുവത്സര പ്രതീക്ഷകൾ ഇരുട്ടിലായി. ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ അസ്വഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.