ബിനീഷ് മള്ളൂശേരി
കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളെജിൽ നടന്ന റാഗിങുമായി ബന്ധപ്പെട്ട് പൊലീസ് വ്യാഴാഴ്ച കോളെജ് ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തും. കോളെജ് അധികൃതരുടേയും ഹോസ്റ്റൽ വാർഡന്‍റെയും മൊഴിയെടുക്കും. റിമാൻഡിലായ 5 സീനിയർ വിദ്യാർഥികൾ കോട്ടയം സബ് ജയിലിലാണ്. ഇതിനിടെ അറസ്‌റ്റിലായ പ്രതികൾ ഒന്നാം വർഷ വിദ്യാർഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിലും കേസെടുത്തിട്ടുണ്ട്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥിയുടെ പരാതിയിലാണ് ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇതുൾപ്പെടെ അറസ്റ്റിലായ വിദ്യാർഥികളല്ലാത്തവരും റാഗിങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തെളിവെടുപ്പിൽ പൊലീസ് പരിശോധിക്കും. ഇരയായവര്‍ കരഞ്ഞ് വിളിച്ചിട്ടും അടുത്ത മുറിയിലുള്ള വാര്‍ഡന്‍ കേട്ടില്ലെന്ന മൊഴിയിലും കൂടുതല്‍ പരിശോധന നടത്തും. ഇതിനിടെ അന്വേഷണത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.
കോളെജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ക്രൂരപീഡനങ്ങള്‍ ഇവിടെ നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാനകുറ്റം ചെയ്തവരിൽ പിടിക്കപ്പെടാത്തവരുണ്ടോ എന്നതിലും കൂടുതല്‍ അന്വേഷണം നടത്തും. ഇതിനായി ഒന്നാം വർഷ വിദ്യാർഥികളോട് വിവരങ്ങൾ തേടും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത 5 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനിക്കുക. ക്രൂരപീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. തെളിവുകളടങ്ങിയ ഇവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ജൂനിയർ വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കുകയും മറ്റ് ക്രൂരതകൾ കാട്ടിയും റാഗിങ് നടത്തിയ കോട്ടയം മെഡിക്കൽ കോളെജ് ഗവൺമെന്‍റ് നഴ്‌സിങ് കോളെജിലെ 5 മൂന്നാം വർഷ വിദ്യാർഥികളെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. മൂന്നിലവ് വാളകം ഭാഗത്ത് കീരീപ്ലാക്കൽ വീട്ടിൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് വീട്ടിൽ ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത് (20) മലപ്പുറം വൻടൂർ ഭാഗത്ത് കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാ ഭാഗത്ത് നെടുങ്ങാട്ട് വീട്ടിൽ വിവേക് (21) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രിജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ 3 മാസമായി ഒന്നാം വർഷ വിദ്യാർഥികളെ റാഗിങിന്‍റെ പേരിൽ ഇവർ ദേഹോപദ്രവം ഏൽപ്പിച്ചും, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിയും ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഒന്നാം വർഷ വിദ്യാർഥികളായ 3 പേർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ക്രൂരമായ പീഡനമാണ് ഇവർ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ശരീരത്ത് കോമ്പസ് ഉപയോഗിച്ച് വരഞ്ഞ് മുറിവുണ്ടാക്കിയ ശേഷം മുറിവുകളിൽ ലോഷൻ ഒഴിക്കുക, ഈ സമയം വേദനയെടുത്ത് പുളയുമ്പോൾ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കുക, പിന്നീട് വിവസ്ത്രരാക്കി നിർത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കുകയും ചെയ്തിരുന്നതായും പരാതിയിലുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കുന്നതിനായി ജൂനിയർ വിദ്യാർഥികളിൽ നിന്ന് പണം പിരിവെടുത്തിരുന്നതായും നഗ്നചിത്രങ്ങൾ പകർത്തിയതായും പരാതിക്കാർ പറയുന്നു. ക്രൂരപീഡനം തുടർന്നതോടെയാണ് ജൂനിയർ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഗാന്ധിനഗർ പൊലീസ് കർശന നടപടികളിലേയ്ക്കു കടക്കുകയായിരുന്നു.