സണ്ണി ജോസഫ് | മറിയക്കുട്ടി
തിരുവനന്തപുരം: ബിജെപിയിൽ അംഗത്വമെടുത്ത മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒരു പാർട്ടി വീടു വച്ച് നൽകി. വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ മറ്റൊരു പാർട്ടി വന്നു. ആ പാർട്ടിയിൽ വീട്ടമ്മ ചേർന്നു. എന്നതു പോലെയായിരുന്നു ഇപ്പോഴത്തെ അവസ്ഥ എന്നായിരുന്നു സണ്ണി ജോസഫിന്‍റെ പരിഹാസം.
വെള്ളിയാഴ്ച തൊടുപുഴയിൽ നടന്ന വികസന കേരളം പരിപാടിക്കിടെ എത്തിയ മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിക്ക് അംഗത്വം നൽകിയത്. കോൺഗ്രസും സിപിഎമ്മും ശരിയല്ലാത്തതിനാലാണ് ബിജെപിയിൽ ചേരുന്നതെന്നും കേരളത്തിൽ സ്വതന്ത്രമായി ജീവിക്കാനാവാത്ത സ്ഥിതിയാണെന്നും മറിയക്കുട്ടി പ്രതികരിച്ചിരുന്നു.
ക്ഷേമ പെൻഷൻ കുടിശിക മാസങ്ങളോളം ലഭിക്കാത്തതിനെ തുടർന്ന് ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങി വാർത്തകളിൽ ഇടംപിടിച്ച ആളാണ് മറിയക്കുട്ടി. ഇതിനെ പിന്തുണച്ച് ബിജെപിയും കോണ്ഡഗ്രസും രംഗത്തെത്തിയിരുന്നു. തുടർന്ന് കെപിസിസി മറിയക്കുട്ടിക്ക് വീടും വച്ച് നൽകിയിരുന്നു.