ഇതാണ് അവസരം!! കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പ്രത്യേക ഓഫറുകളുമായി കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക വെബ്പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ots.kseb.in എന്ന വെബ് പോർട്ടലിലൂടെ ഇനി കെഎസ്ഇബി സെക്ഷൻ ഓഫിസ് സന്ദർശിക്കാതെ തന്നെ ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാവും.
ആകർഷകമായ ഓഫറുകളോടെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തിന് മുകളിലുള്ള കടിശികകളാണ് ഇതിലൂടെ തീർപ്പാക്കാനാവുക. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതായിരിക്കും. 5-10 വർഷം വരെയുള്ള കുടിശികയിൽ 4 ശതമാനം മാത്രം പലിശയും 2-5 വർഷം വരെയുള്ള കുടിശികയ്ക്ക് 6 ശതമാനം വരെ പലിശയും നൽകിയാൽ മതിയാവും.
പലിശ തുക 6 മാസത്തെ തുല്യ ഗഡുക്കളായും അടയ്ക്കാം. മുതലും പലിശയും ഒരുമിച്ച് അടച്ചു തീർക്കുന്നവർക്ക് 5 ശതമാനം അധിക ഇളവും ലഭിക്കും. ദീർഘകാല കുടിശിക തീർപ്പാക്കാൻ കെഎസ്ഇബി ഇത്രയേറെ ഇളവുകൾ നൽകുന്നത് ഇതാദ്യമാണ്.
റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതിയുടെ പരിഗണനയിൽ കിടക്കുന്നതോ ആയ കുടിശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. അത്തരത്തിലുള്ള കുടിശികകൾ തീർപ്പാക്കുന്നതിന്, ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യൽ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലും ബന്ധപ്പെടേണ്ടതാണ്.