പണിമുടക്കിയാൽ വേതനമില്ല; ബുധനാഴ്ച കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു
file image
തിരുവനന്തപുരം: ബുധനാഴ്ച പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിക്കെത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്ആർടിസി സിഎംഡബ്യു ഉത്തരവിൽ പറയുന്നു.
കെഎസ്ആർടിസി ബുധനാഴ്ച പണിമുടക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചെങ്കിലും എതിർപ്പുമായി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചത്.
പത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 17 ആവശ്യങ്ങളുയർത്തിയാണ് ബുധനാഴ്ച അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കണമെന്നാണ് ഇതിലെ പ്രധാന ആവശ്യം. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയുമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.