കെഎസ്ആർടിസിയുടെ കുപ്പിവെള്ളം ബസുകളിൽ വിൽക്കുന്നതിനെതിരേ യൂണിയനുകൾ.

 

MV Graphics

Kerala

കെഎസ്ആർടിസിയുടെ കുപ്പിവെള്ളം: എതിർപ്പുമായി തൊഴിലാളി യൂണിയനുകൾ

എതിർപ്പ് മറികടക്കാൻ ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെക്കൊണ്ട് കുടിവെള്ള വിൽപ്പന ആരംഭിക്കുമെന്ന് സൂചന

Thiruvananthapuram Bureau

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ "കെഎൽ-15' എന്ന ബ്രാൻഡിൽ കുടിവെള്ളം വിൽക്കാനുള്ള തീരുമാനത്തിൽ എതിർപ്പുമായി തൊഴിലാളി യൂണിയനുക‌ൾ. തിരക്കേറിയ ബസുകളിൽ കുടിവെള്ള വിൽപ്പന പ്രായോഗികമല്ലെന്നു കാണിച്ച് ഐഎൻടിയുസി, ബിഎംഎസ് അനുകൂല സംഘടനകൾ സിഎംഡിക്കു മറുപടി നൽകി. എന്നാൽ, എതിർപ്പു മറികടക്കാൻ ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെക്കൊണ്ട് കുടിവെള്ള വിൽപ്പന ആരംഭിക്കുമെന്നാണ് വിവരം.

കെഎസ്ആർടിസി ബസുകളിൽ 13 രൂപയ്ക്ക് കുപ്പി വെള്ളം വിൽക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ "ഹില്ലി അക്വാ'യാണ് "കെ.എൽ-15' എന്ന പേരിൽ കുടിവെള്ളം വിൽക്കുന്നത്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്റ്റർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷൻ നൽകും.

കുപ്പിവെള്ള വിൽപ്പനയ്ക്ക് ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്ന് മാനേജ്മെന്‍റ് നിർദേശം നൽകി. ഈ രജിസ്റ്ററിൽ സ്റ്റോറിൽ നിന്നു എടുക്കുന്ന സ്റ്റോക്ക്, ഓരോ തവണയും വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്‍റെ എണ്ണം, അവശേഷിക്കുന്ന സ്റ്റോക്ക് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കണ്ടക്റ്റർക്കു നൽകുന്ന കുപ്പിവെള്ളത്തിന്‍റെ കണക്ക് ഇടിഎം വേ-ബില്ലിൽ രേഖപ്പെടുത്തും.

ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം നൽകാനും ആലോചനയുണ്ട്. വെള്ളത്തിന്‍റെ തുക ടിക്കറ്റിനൊപ്പം ഈടാക്കും. ഒരു ദിവസം രണ്ടുലക്ഷം ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടക്കുന്ന സാഹചര്യത്തിൽ, എട്ടുലക്ഷം രൂപയുടെ ലാഭമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. ബജറ്റ് ടൂറിസം യാത്രക്കാർക്കും കുപ്പിവെള്ളം നൽകും.

റിസർവേഷൻ, കൂപ്പൺ, എൻക്വയറി കൗണ്ടറുകളിലും കുടിവെള്ള വിൽപ്പനയുണ്ടാകും. വെള്ളത്തിന്‍റെ വിലയായ 13 രൂപയും ക്യാഷ് കൗണ്ടറിൽ അടയ്ക്കണമെന്നും ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം കമ്മിഷൻ നൽകാമെന്നുമായിരുന്നു ആദ്യ നിർദേശം. പുതിയ തീരുമാനമനുസരിച്ച് കമ്മിഷൻ തുക കുറച്ച് കൗണ്ടറിൽ അടച്ചാൽ മതി.

ജീവനക്കാരുടെ എതിർപ്പ് മറികടക്കാനാണ് ആദ്യ തീരുമാനം മാറ്റിയത്. എന്നാൽ, വനിതാ കണ്ടക്റ്റർമാർക്ക് അടക്കം വെള്ളക്കുപ്പികൾ ബസിൽ കയറ്റുന്നതുംമറ്റും വലിയ ബുദ്ധിമുട്ടാകും. പിഎസ്‌സി പരീക്ഷയെഴുതി കണ്ടക്റ്റർ ജോലിയിൽ പ്രവേശിച്ചവരെക്കൊണ്ട് വെള്ളം വിൽപ്പന നടത്തുന്നത് ചട്ടവിരുദ്ധമാണെന്നാണ് തീരുമാനത്തെ എതിർക്കുന്ന സംഘടനകൾ പറയുന്നത്.

ഡൽഹി ക്യാപ്പിറ്റൽസിനെ ചുരുട്ടിക്കൂട്ടി ആർസിബി‌

ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ല

പാമ്പ് ഭീതി ഒഴിയുന്നില്ല; വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പാമ്പു കടിച്ചു, 18 കാരിയും ചികിത്സയിൽ

സംസ്ഥാനത്ത് ചൊവ്വാഴ്ച ഹർത്താൽ; ഏതെല്ലാം സർവീസുകളെ ബാധിക്കും!

"ചക്ക വീണ് പാമ്പു ചത്തു"; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്