കെഎസ്ആർടിസി ബസുകളിലെ മൊബൈൽ ചാർജിങ് പോർട്ടുകൾ നന്നാക്കാൻ നിർദേശം Freepik
Kerala

കെഎസ്ആർടിസി ബസുകളിലെ മൊബൈൽ ചാർജിങ് പോർട്ടുകൾ നന്നാക്കാൻ നിർദേശം

മിക്കതിലും വൈദ്യുതി എത്താറില്ല. പലതിലും ചാർജർ കേബിൾ ഘടിപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ തകർന്നുകിടക്കുകയാണ്

Thiruvananthapuram Bureau

തിരുവനന്തപുരം: ബസുകളിലെ കേടായ മൊബൈൽ ചാർജർ പോർട്ടുകൾ നന്നാക്കാൻ നിർദേശവുമായി കെഎസ്ആർടിസി. ദീർഘദൂര യാത്രക്കാരിൽ നിന്നടക്കം വ്യാപക പരാതി ഉയർന്നതോടെയാണ് പോർട്ടുകൾ മാറ്റി സ്ഥാപിക്കാൻ കോർപ്പറേഷൻ ഉത്തരവിറക്കിയത്.

2023ൽ കെഎസ്ആർടിസി പുറത്തിറക്കിയ സിഫ്റ്റ്- സൂപ്പർ ഫാസ്റ്റ് ബസുകളിലും പുതിയ സൂപ്പർ ഡീലക്സ് ബസുകളിലുമാണ് ചാർജർ പോയിന്‍റുകൾ മാസങ്ങളായി തകരാറിലായിരിക്കുന്നത്. ഓരോ സീറ്റിനോടും ചേർന്ന് രണ്ട് പോർട്ടുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ മിക്കതിലും വൈദ്യുതി എത്താറില്ല. പലതിലും ചാർജർ കേബിൾ ഘടിപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ തകർന്നുകിടക്കുകയാണ്.

ദീർഘദൂര യാത്രക്കാർക്ക് വേണ്ടി സ്ഥാപിച്ച സംവിധാനം തകരാറിലായതോടെ പതിവ് യാത്രക്കാരടക്കം ഡിപ്പൊകളിലും കോർപ്പറേഷന്‍റെ ചീഫ് ഓഫിസിലുമായി നിരന്തരമായി പരാതി ഉന്നയിച്ചതോടെ കേടായ പോർട്ടുകളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കാനും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്താനും കോർപ്പറേഷൻ നിർദേശം നൽകിയത്.

മാസങ്ങളായി ഡിപ്പൊകളിലും കണ്ടക്‌റ്റർമാരോടും പരാതി അറിയിക്കാറുണ്ടെങ്കിലും ഇവ സ്വിഫ്റ്റ് ബസുകളുടെ പ്രശ്നമെന്ന നിലയിൽ അധികൃതർ മുഖം തിരിക്കുകയായിരുന്നെന്നാണ് പതിവു യാത്രക്കാർ പറയുന്നത്. സ്വിഫ്റ്റ് കമ്പനിയായതിനാൽ താത്കാലിക ജീവനക്കാരാണ് ഓരോ ബസിലും എത്തുന്നത്. ഇവർ സ്ഥിരമല്ലാത്തിനാൽ ഓരോ ദിവസവും ജീവനക്കാർ മാറിമാറിയെത്തും. എല്ലാവരോടും കാലങ്ങളായി പരാതി അറിയിക്കാറുണ്ടെന്നും ഒടുവിൽ തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്നും യാത്രക്കാരുടെ സംഘടനകളും പറയുന്നു.

നിർദേശം എത്തിയതോടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലടക്കം ബസുകൾ പരിശോധിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ബസുകളിലെ ചാർജർ പോർട്ടുകൾ തകരാറാണോ എന്നത് പരിശോധിച്ച് അതത് യൂണിറ്റുകളിലും ഗ്യാരേജിലും വർക്ക് ഷോപ്പുകളിലുമെത്തിച്ച് തകരാർ പരിഹരിക്കാനാണ് മെക്കാനിക്കൽ എൻജിനീയർ‌ നിർദേശം നൽകിയിരിക്കുന്നത്.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം