Ksrtc travel card

 
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണമില്ലാതെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം

യാത്രക്കാരുടെ സൗകര്യത്തിന് കെഎസ്ആർടിസി ട്രാവൽ കാർഡ്

Jisha P.O.

കൊച്ചി: ബസിൽ തിരക്കിനിടയിൽ ചില്ലറ പൈസയ്ക്കായി ബാഗിനുള്ളിൽ കൈയിടണ്ട. ഇനി ചില്ലറയുമായി കയറിയാൽ മതിയെന്ന കണ്ടക്റ്ററുടെ ചീത്തയും കേൾക്കണ്ട. ആനവണ്ടിയിലെ സ്ഥിരം ‍യാത്രക്കാരുടെ സൗകര്യത്തിനായാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് ഇറക്കിയിരിക്കുന്നത്. മെട്രോ കാർഡ് പോലെ ഭംഗിയുള്ള കാർഡാണിത്. കാർഡ് പരീക്ഷണാർത്ഥത്തിൽ ഇറക്കിയത് തിരുവനന്തപുരത്താണ്. ഇതിന് ശേഷം കൊല്ലം പിന്നെ ആലപ്പുഴ, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കാർഡ് പ്രാബല്യത്തിൽ വന്നു.

സ്ഥിരം യാത്രക്കാർ മാത്രമല്ല അല്ലാത്തവരും ഈ കാർഡ് സ്വന്തമാക്കി കഴിഞ്ഞു. പക്ഷേ ഇപ്പോൾ കാർഡ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്. കാർഡ് വിൽപ്പനയിലൂടെ വൻ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

തിരക്ക് പിടിച്ച് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പണം കരുതേണ്ടയെന്നതാണ് പ്രധാനം. ബസിലെ ചില്ലറ പ്രശ്നത്തിന് താൽക്കാലിക ആശ്വാസവുമായിട്ടുണ്ടെന്നും കണ്ടക്റ്റർമാർ പറയുന്നു. ഏറ്റവുമധികം കാർഡ് റീചാർജ് ചെയ്യുന്നത് തിങ്കളാഴ്ചയാണ്. 100 രൂപയാണ് കാർഡിന്‍റെ വില വരുന്നത്. 50 രൂപയാണ് മിനിമം റീചാർജ് തുക. 3000 രൂപ വരെ റീചാർജ് ചെയ്യാം. സ്വന്തമായി വാങ്ങിയ കാർഡ്, യാത്ര ആവശ്യത്തിന് ബന്ധുക്കൾക്കും, സുഹൃത്തുക്കളും കൈമാറാം.

കാർഡിൽ തിരിമറി കാട്ടിയാൽ നടപടി ഉറപ്പാണ്. കാർഡ് നഷ്ടപ്പെടുകയോ, ഒടിയുകയോ, പൊട്ടുകയോ ചെയ്താൽ മാറ്റി നൽകില്ല. പകരം പുതിയത് നൽകും, പക്ഷേ കാർഡിന് നിശ്ചിത പണം നൽകണം. പഴയ കാർഡിലെ തുക പുതിയതിലേക്ക് മാറ്റി തരുകയും ചെയ്യും. കാർഡിനായി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നോ, കണ്ടക്‌റ്റർമാരിൽ നിന്നോ കാർഡ് വാങ്ങാവുന്നതാണ്. കെഎസ്ആർടിസി ട്രാവൽ കാർഡ് ഉപയോഗിച്ച് സംസ്ഥാനത്ത് ഒരു ദിവസം 30 ലക്ഷം പേർ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.

എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം

സ്വർണ വിലയിൽ ചെറിയ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

വിശ്വാസം വിടാതെ എൽഡിഎഫ്, എക്സിറ്റ് പോളിനും മുകളിലെന്ന് യുഡിഎഫ്

ഫലമറിയാൻ മണിക്കൂറുകൾ എണ്ണി മുന്നണികൾ