നിധിൻ പുല്ലൻ
ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലിൽ പുതുതായി തെരഞ്ഞെടുത്ത എല്‍ഡിഎഫ് അംഗത്തിന്‍റെ സത്യപ്രതിജ്ഞ വിവാദമാവുന്നു. രക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നായിരുന്നു എൽഡിഎഫ് അംഗം സത‍്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞത്. ഇത് ചട്ടവിരുദ്ധമായതിനാൽ വരണാധികാരി വീണ്ടും സത്യപ്രതിജ്ഞയെടുപ്പിച്ചു.
ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലനാണ് ധീര രക്തസാക്ഷികളുടെ പേരില്‍ ആദ്യം ദൃഢ പ്രതിജ്ഞയെടുത്തത്. എന്നാൽ ഇത് ചട്ടലംഘനമാണെന്ന് വരണാധികാരി ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേഷ് ചൂണ്ടികാണിച്ചു. ഇതേത്തുടർന്ന് ആദ്യ കൗൺസിൽ യോഗത്തിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് വലിയ വിവാദമായ പൊലീസ് ജീപ്പ് തകർത്ത കേസിലെ മുഖ്യ പ്രതി കൂടിയാണ് നിധിൻ പുല്ലൻ. മുഖ്യമന്ത്രി നടത്തിയ നവകേരള സദസ് അവസാനിക്കുന്ന ദിവസം യാത്രയുടെ എല്ലാവിധ പ്രൗഢിയും കളഞ്ഞ സംഭവമായിരുന്നു പൊലീസ് ജീപ്പ് തകർത്തത്.
അതേസമയം, എല്‍ഡിഎഫിന്‍റെ പതിനൊന്ന് അംഗങ്ങളില്‍ ഈശ്വരനാമത്തില്‍ സത‍്യപ്രതിജ്ഞ ചെയ്തത് മുപ്പതാം വാർഡ് കൗണ്‍സിലര്‍ ജില്‍ ആന്‍റണി മാത്രമാണ്. സിപിഎം ഏരിയ കമ്മിറ്റിയംഗം കൂടിയാണ് ജിൽ ആന്‍റണി.