നെല്ലിയാമ്പതിയിൽ പുലി ചത്തത് കേബിൾ കുരുങ്ങി; കേസെടുത്തു
പാലക്കാട്: നെല്ലിയാമ്പതിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ പുലി ചത്തത് കേബിൾ കെണിയിൽ കുരുങ്ങിയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തിലെത്തുകയായിരുന്നു. തുടർന്ന് അവശനിലയിലായ പുലി ചത്തു. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപാണ് ലില്ലി ഡിവിഷനിലെ തേയിലത്തോട്ടത്തിനു സമീപം പുലിയുടെ ജഡം കണ്ടെത്തിയത്. പുലികൾ പതിവായി ഇറങ്ങുന്ന മേഖലയായതിനാൽ ആരെങ്കിലും മനഃപൂർവം കെണിവച്ചതാണോയെന്ന് വനം വകുപ്പ് സംശയിക്കുന്നു.
അതേസമയം, പുലിയെ തുരത്താനുള്ള ശ്രമവും വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.