കാർട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ് - 77 )

 
Kerala

ലോലന്‍റെ സ്രഷ്ടാവ്, കാർട്ടൂണിസ്റ്റ് ചെല്ലൻ ഓർമയായി

ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു

Local Desk

കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം വടവാതൂരിൽ.

ടി.പി. ഫിലിപ്പ് എന്നായിരുന്ന യഥാർഥ പേര്. 1948ല്‍ പൗലോസിന്‍റെയും മാര്‍ത്തയുടെയും മകനായി ജനനം. 2002ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്‍ററായി വിരമിച്ചു. കോട്ടയം വടവാത്തൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകൻ സുരേഷ്.

കാർട്ടൂൺ രൂപത്തിൽ ലോലൻ.

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാഡമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്‍റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലന്‍റെ അന്ത്യയാത്ര.

അദ്ദേഹം രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളിലടക്കം യുവാക്കൾക്കിടയിൽ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റ്സും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിക്കുക പോലും ചെയ്തിരുന്നു.

കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരു പോലുമുണ്ടായിരുന്നു ഒരു കാലഘട്ടത്തിൽ. ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രശസ്തനായ വ്യക്തി എന്ന നിലയില്‍ ചെല്ലന്‍ വേറിട്ടു നില്‍ക്കുന്നു എന്ന് കേരള കാർട്ടൂൺ അക്കാഡമി ചെയർപെഴ്സൺ സുധീർ നാഥ് അനുസ്മരിച്ചു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം