തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നടത്തിയ പരാമർശത്തിനെതിരേ നൽകിയ പരാതിയിൽ കോടതി റിപ്പോർട്ട് തേടി. കൊല്ലം ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിപ്പോർട്ട് തേടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിലാണ് പരാതിക്കാരൻ.
ആദ‍്യം കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മിഷണർക്കുമാണ് പരാതി നൽകിയിരുന്നത്. എന്നാൽ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകിവരുന്നത് എന്ന തരത്തിലായിരുന്നു 2018ൽ നടത്തിയ പരാമർശം. സ്വരാജ് നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും വിവാദപരവുമാണെന്നാണ് വിഷ്ണു സുനിൽ നൽകിയ പരാതിയിൽ പറയുന്നത്.