സിജോ തിമോത്തി
തൃശൂർ: നടുറോഡിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ സ്വദേശി ലോറിയിടിച്ച് മരിച്ചു. ചിറ്റിലപ്പിള്ളി സിജോ തിമോത്തി (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മണ്ണുത്തി കാളത്തോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
നടുറോഡിൽ കിടക്കുകയായിരുന്ന പൂച്ചക്കുഞ്ഞിനെ രക്ഷിക്കാനായി സിജോ ബൈക്ക് നിർത്തി റോഡിനു നടുവിലേക്ക് ഇറങ്ങിയോടി. പൂച്ചക്കുഞ്ഞ് റോഡിൽ നിന്ന് മാറിയിരുന്നെങ്കിലും എതിരേ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിവാഹിതനായ സിജോ മൃഗസ്നേഹിയായിരുന്നു. തെരുവിൽ നിന്ന് പരുക്കു പറ്റിയ പൂച്ചകളെയും പട്ടികളെയും എടുത്തു കൊണ്ടു വന്ന് ശുശ്രൂഷിക്കുന്ന ശീലമുണ്ടായിരുന്നു.