മന്ത്രി കൽപ്പന; എയർഹോണുകൾ റോഡ് റോളുകൾ കയറ്റി നശിപ്പിച്ച് എംവിഡി
കൊച്ചി: വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർഹോണുകളെല്ലാം റോഡ് റോളറുകൾ കയറ്റി നശിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രി കെ. ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരമാമ് ഉദ്യോഗസ്ഥർ എയർഹോണുകൾ നശിപ്പിച്ചത്.
ഒക്റ്റോബർ 13 മുതൽ ആരംഭിച്ച പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകളാണ് നശിപ്പിച്ചത്. കൊച്ചി കമ്മട്ടിപ്പാടത്തെ റോഡിൽ വച്ചാണ് ഹോണുകൾ നശിപ്പിച്ചത്. വാഹനങ്ങളിൽ എയർഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്.
കഴിഞ്ഞ ദിവസം അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസിന്‍റെ പെർമിറ്റ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ റദ്ദാക്കിയിരുന്നു.. കോതമംഗലത്തെ കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ഹോൺ മുഴക്കി അമിത വേഗത്തിൽ ബസ് പാഞ്ഞു പോകുകയും അതേ പോലെ തിരിച്ചു വരുകയും ചെയ്യുന്നതു കണ്ടതു കൊണ്ടാണ് നടപടിയെടുക്കാൻ നിർദേശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതിനു പിന്നാലെയാണ് എയർഹോണുകൾക്കെതിരേ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.