വാഴൂർ സോമൻ

 
Kerala

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

ഹൃദ‍യാഘാതമാണ് മരണകാരണം

തിരുവനന്തപുരം: പീരുമേട് എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരം പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനെജ്‌മെന്‍റ് കേന്ദ്രത്തില്‍ റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചു.

1974ൽ പൊതുരംഗത്തെത്തിയ സോമൻ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

കോട്ടയം വാഴൂരിൽ കുഞ്ഞുപാപ്പന്‍റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് ജനനം. എഐഎസ്എഫിലൂടെ രാഷ്‌ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: സോബിൻ, സോബിത്ത്.

ഭൗതികശരീരം സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ വ്യാഴാഴ്ച രാത്രി വരെ പൊതുദര്‍ശനത്തിനു വച്ച ശേഷം വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും നേതാക്കളും അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ പൊതുദർശനം. വൈകിട്ടു നാലിനു വീട്ടുവളപ്പിൽ സംസ്കാരം.

ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ വാഴൂര്‍ സോമന്‍ സംസാരിച്ചിരുന്നു. അതിനു ശേഷം മറ്റ് എംഎല്‍എമാര്‍ക്കൊപ്പം പോകാനൊരുങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. പടിയിറങ്ങിയപ്പോള്‍ വല്ലായ്മ തോന്നുന്നു, എന്നെ ഒന്നു പിടിക്കണം എന്ന് ഒപ്പമുള്ള ആളോടു പറഞ്ഞു. ഉടന്‍ ലൈബ്രറി മുറിയിലെ മേശയില്‍ കിടത്തി. പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി.

നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്‍റെ രീതി മാതൃകാപരമായിരുന്നെന്നും തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സിപിഐയുടെയും എഐടിയുസിയുടെയും നേതൃനിരയിലേക്ക് വളര്‍ന്നു വന്ന നേതാവായിരുന്നു വാഴൂര്‍ സോമനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം