Image by <a href="https://www.freepik.com/free-vector/racism-illustration-concept_8944952.htm#query=mob%20lynching&position=19&from_view=search&track=ais">Freepik</a>
Image by Freepik
Kerala

ആൾക്കൂട്ട ആക്രമണവും ലഹരിയും തമ്മിൽ

രണ്ട് ആൾക്കൂട്ട ആക്രമണങ്ങളും ഒരു വൻ ലഹരി വേട്ടയുമാണ് അടുത്ത കാലത്ത് കേരളം നേരിടുന്ന ജീർണതകളുടെ ഏറ്റവും വ്യക്തമായ പ്രതിഫലനമായി മാറിയത്. ഡോ. വന്ദനയുടെ മരണത്തിൽ കലാശച്ചതു പോലെ, ലഹരിയുടെ സ്വാധീനത്തിൽ കൂടുതൽ മാരകമായ ആക്രമണങ്ങൾ‌ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മലപ്പുറം കിഴിശേരിയിൽ രാജേഷ് മാഞ്ചി എന്ന ബിഹാർ സ്വദേശിയുടെ ആൾക്കൂട്ട കൊലപാതകവും കോഴിക്കോട്ട് അഞ്ച് പേർ ചേർന്ന യുവദമ്പതികളെ ആക്രമിച്ചതും 2000 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടിച്ചതുമൊന്നും സംസ്ഥാനത്തിനു ശുഭസൂചനകളല്ല. ലഹരി ഉപയോഗവും ആൾക്കൂട്ട ആക്രമണവും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കാൻ കഴിയില്ലെങ്കിലും, ലഹരി ഉപയോഗം അത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾക്കു പ്രേരകമാകാവുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2018 ഫെബ്രുവരിയിൽ മധു എന്ന ആദിവാസി യുവാവിനെ അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്നതുമായി ചേർത്തു വായിക്കാവുന്നതാണ് മാഞ്ചിയുടെ കൊലപാതകത്തെയും. രണ്ടിടത്തും മോഷണമായിരുന്നു ആരോപണം. രണ്ടിടത്തും കൈകെട്ടിയ ശേഷം ക്രൂരമായി മർദിച്ചുകൊണ്ടായിരുന്നു 'ചോദ്യം ചെയ്യൽ'.

കോഴിക്കോട്, ഭാര്യയെ കമന്‍റടിച്ചതു ചോദ്യം ചെയ്തതിനാണ് യുവാവ് ആൾക്കൂട്ട ആക്രമണം നേരിടേണ്ടിവന്നത്. തൃശൂരിൽ ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ചേർന്ന് ഒരാളെ കെട്ടിയിട്ട് ചോദ്യം ചെയ്തത് അടയ്ക്കാ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു.

ഇതിനു സമാന്തരമായി ലഹരി കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വർധിച്ചുവരുകയാണ്. ആൾക്കൂട്ട ആക്രമണ സംഭവങ്ങളിൽ ലഹരി ഒരു പ്രേരകശക്തിയാകാമെന്നു പറയുന്നു സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ. ലഹരിയുടെ സ്വാധീനത്തിലല്ലാതെയും ഇത്തരം സംഭവങ്ങളുണ്ടാകാം. എന്നാൽ, ലഹരി കൂടിയുണ്ടെങ്കിൽ അക്രമിക്ക് വീര്യം കൂടും. നിയമം കൈയിലെടുക്കുകയും സ്വന്തമായി വിധി പ്രഖ്യാപിച്ച് നടപ്പാക്കി കൈയടി വാങ്ങുകയും ചെയ്യുന്ന സൂപ്പർ ഹീറോ സിനിമകളുടെ സ്വാധീനവും ഇക്കാര്യത്തിൽ നിരാകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിയമം കൈയിലെടുക്കുകയും സ്വന്തമായി വിധി പ്രഖ്യാപിച്ച് നടപ്പാക്കി കൈയടി വാങ്ങുകയും ചെയ്യുന്ന സൂപ്പർ ഹീറോ സിനിമകളുടെ സ്വാധീനവും ഇക്കാര്യത്തിൽ നിരാകരിക്കാൻ കഴിയില്ല. - ഡോ. സി.ജെ. ജോൺ, സൈക്യാട്രിസ്റ്റ്

എല്ലാവരുടെയും ഉള്ളിൽ അക്രമവാസനയോടു കൂടിയ ഒരുതരം ഉടമ-അടിമ മനോഭാവം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ഡോ. ജോൺ. കള്ളനെന്ന് ആരോപിക്കപ്പെടുന്നയാൾക്കു നേരെയുണ്ടാകുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും മറ്റും ഈ മനോഭാവം പ്രകടമായി വരുന്നു. ഇത്തരക്കാരായിരിക്കും പൊതുവേ ആൾക്കൂട്ട ആക്രമണങ്ങളുടെ നേതൃത്വത്തിൽ. രണ്ടാമതൊരു കൂട്ടർ ഇത്തരക്കാർക്ക് എരിവ് കയറ്റിയും പ്രോത്സാഹിപ്പിച്ചും സജീവമല്ലാതെ ആക്രമണത്തിൽ പങ്കെടുക്കുന്നു. ഇനി മൂന്നാമതൊരു കൂട്ടർ ഒന്നിലും നേരിട്ട് ഇടപെടാതെ എല്ലാം മാറിനിന്ന് ആസ്വദിക്കുക മാത്രം ചെയ്യുന്നു. പൊതുവിൽ ദുർബലരമെന്ന് സ്വയം ബോധ്യമുള്ളവർക്ക് ശക്തി കാണിക്കാനുള്ള ഇരയായിരിക്കും സാധാരണഗതിയിൽ ഇത്തരം ആക്രമണങ്ങൾ നേരിടുന്നത്.

ആൾക്കൂട്ട ആക്രമണ കേസുകളിലെ ഇരകളുടെ സാഹചര്യം പരിശോധിച്ചാൽ, പൊതുവിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നു കാണാം; ദുർബലർ, ആദിവാസികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, ദരിദ്രർ എന്നിങ്ങനെ. അക്രമിക്ക് തന്‍റെ ഇച്ഛാപൂർത്തിക്കുള്ള ധൈര്യം എങ്ങനെ കിട്ടുന്നു എന്നത് ഇതിൽ നിന്നു വ്യക്തമാണെന്നും ഡോ. ജോൺ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിനു സാക്ഷികളായി നിൽക്കുന്ന മൂന്നാമത്തെ വിഭാഗമാണ് ഇത്തരം സാഹചര്യങ്ങളിൽ പൊലീസിനെ വിവരമറിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇത്തരമൊരു ആക്രമണ സാഹചര്യത്തെ അപകടകരമായെങ്കിലും തടയാൻ സാധിച്ചതിന്‍റെ ഒരുദാഹരണം വിശദീകരിക്കുന്നു അഭിഭാഷകനും സാമൂഹിക നിരീക്ഷകനുമായ എ. ജയശങ്കർ. കോട്ടയ്ക്കൽ നിന്ന് മലപ്പുറത്തേക്ക് ബസ് കയറാൻ നിൽക്കുമ്പോഴാണ് ചെറിയൊരാൾക്കൂട്ടം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു സ്ത്രീ ഇതര സംസ്ഥാനക്കാരിയായ മറ്റൊരു സ്ത്രീയെ നിർദയം മർദിക്കുകയാണ്. നെക്ക്‌ലേസ് മോഷ്ടിച്ചെന്നാണ് ആരോപണം. കണ്ടുനിന്നവർ മർദനത്തിനു പ്രോത്സാഹനം കൊടുക്കുന്നു.

ഞാൻ നടത്തിയ ഇടപെടൽ ശരിതന്നെയായിരുന്നു എന്നു വിശ്വസിക്കുമ്പോഴും, അത്ര വലിയൊരു ആൾക്കൂട്ടത്തിനു നടുവിൽ അങ്ങനെ ചെയ്യുമ്പോഴത്തെ അപകടം ഞാൻ മനസിലാക്കുന്നു. - അഡ്വ. എ. ജയശങ്കർ

ജയശങ്കർ സ്ത്രീയുടെ കൈയിൽ കയറി പിടിച്ച് ആക്രമണം തടഞ്ഞു, അടിക്കാൻ പാടില്ലെന്നു പറഞ്ഞു. ജനക്കൂട്ടം അസ്വസ്ഥമായി. അതുവരെ മർദിച്ചുകൊണ്ടിരുന്ന സ്ത്രീ പക്ഷേ, അന്ധാളിച്ചു നിന്നു. പൊലീസിനെ വിളിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതുറപ്പാക്കിയതോടെ പെട്ടെന്നു തന്നെ സ്ഥലം വിടുകയും ചെയ്തു.

''രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ ഞാൻ നടത്തിയ ഇടപെടൽ ശരിതന്നെയായിരുന്നു എന്നു വിശ്വസിക്കുമ്പോഴും, അത്ര വലിയൊരു ആൾക്കൂട്ടത്തിനു നടുവിൽ അങ്ങനെ ചെയ്യുമ്പോഴത്തെ അപകടം ഞാൻ മനസിലാക്കുന്നു. എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇതുപോലുള്ള ഇടപെടലുകൾ അനിവാര്യവുമാണ്'', അദ്ദേഹം പറഞ്ഞു.

സിനിമ നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയം; മകനേയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിൽ; തിങ്കളാഴ്ച കേരളത്തിലെത്തും

ടി20 ലോകകപ്പ്; യുഎ​സ്എ ടീമിൽ നിറസാന്നിധ്യമായി ഇന്ത്യക്കാർ

''ഭർത്താവിന്‍റെ ശാരീരിക പീഡനം തെറ്റല്ലെന്ന് പറയുന്ന പൊലീസുകാർ അപമാനമാണ്'', രൂക്ഷ വിമർശനുമായി പി. സതീദേവി