ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകളെ അച്ഛൻ തട്ടിക്കൊണ്ടുപോയെന്ന് അമ്മ
മലപ്പുറം: തിരൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് വയസുകാരിയെ അച്ഛനും കൂട്ടരും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി അമ്മ. തൃപ്രങ്ങോട് സ്വദേശി ഗായത്രിയാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മടങ്ങവെ അച്ഛൻ ശ്രീഹരിയും കൂട്ടരും തട്ടിക്കൊണ്ടുപോയത്.
ഭർത്താവ് ശ്രീഹരിയുടെ അടുത്തുനിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനത്തിനെടുവിലാണ് നാലു വയസുകാരിയായ മകളുമായി വീടുവിട്ടിറങ്ങുന്നതെന്ന് ഗായത്രി പറയുന്നു.
തുടർന്ന് കുട്ടിയെ കാണുന്നില്ലെന്ന ശ്രീഹരിയുടെ പരാതിയുടെ മേൽ ഏപ്രിൽ 13ന് കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ശ്രീഹരിയെ കാണിച്ചിരുന്നു. പിന്നീട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്ത ശേഷം ഗായത്രി കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കുട്ടി അച്ഛനൊപ്പം സുരക്ഷിതയല്ലെന്നും, എത്രയും പെട്ടെന്ന് വിട്ട് നൽകണമെന്നുമാണ് ഗായത്രിയുടെ ആവശ്യം.