കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം-കൊല്ലം തീരത്ത് അടിഞ്ഞു; നീക്കം ചെയ്യുന്നത് വൈകും

 
Kerala

കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം-കൊല്ലം തീരത്തടിഞ്ഞു; നീക്കം ചെയ്യുന്നത് വൈകും

പാഴ്സലുകൾ പോലുള്ള വസ്‌തു ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ്

തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം, കൊല്ലം തീരത്തടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്.

കൊല്ലം പരവൂർ തെക്കുംഭാഗത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇതോടെ കൊല്ലം തീരത്ത് അടിയുന്ന കണ്ടെയ്നറുകളുടെ എണ്ണം 35 ആയി. ഇതിനിടെ, അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ പോലുള്ള വസ്‌തു ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.

അതേസമയം, തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത് വൈകും. കരയിലൂടെയും കടലിലൂടെയും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പൂർണമായും ഉപേക്ഷിച്ചതായാണ് വിവരം. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് അപ്രയോഗികമെന്ന് അറിയിച്ച കപ്പൽ കമ്പനി ബദൽമാർഗം തേടുകയാണെന്നും വ്യക്തമാക്കി.

കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു.

ഇന്ധനച്ചോർച്ചയെ തുടർന്ന് കടലിൽ വ്യാപിച്ച എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമങ്ങളും തുടരുകയാണ്. കടൽക്ഷോഭം കുറയുന്ന മുറയ്ക്ക് നടപടികൾ ഊർജിതമാക്കാനാണു തീരുമാനം.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു