'സിനിമയിൽ പവർ​ഗ്രൂപ്പ് നിലനിൽക്കില്ല; രഞ്ജിത്ത് രാജിവക്കണമെന്ന് പറയില്ല': മുകേഷ്  
Kerala

'സിനിമയിൽ പവർ​ഗ്രൂപ്പ് നിലനിൽക്കില്ല; രഞ്ജിത്ത് രാജിവക്കണമെന്ന് പറയില്ല': മുകേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുത്ത് കഴിഞ്ഞ് അവർ പരാതിയില്ലെന്ന് പറഞ്ഞാൽ എന്തുചെയ്യും

Ardra Gopakumar

കൊല്ലം: സിനിമയിൽ പവർഗ്രൂപ്പ് നിലനിൽക്കില്ലെന്ന് നടനും എംഎൽഎയുമായ എം. മുകേഷ്. തന്‍റെ അറിവിൽ മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല. ഏതെങ്കിലും പവർ ഗ്രൂപ്പിന് സിനിമയിൽ ഒരാളെ ഇല്ലാതാക്കാനോ പുതുതായി ഉയർത്തിക്കൊണ്ടുവരാനോ കഴിയില്ല. കഴിവിന്‍റെ അടിസ്ഥാനത്തിലാണ് സിനിമയിൽ ആളെ എടുക്കുന്നത്. പവർ ഗ്രൂപ്പ് സിനിമയിൽ ആളെ കൊണ്ടുവന്നാലും പടം പൊളിഞ്ഞുപോയാൽ എന്തു ചെയ്യും. പടം വിജയിച്ചില്ലെങ്കിൽ അവർക്ക് എവിടെനിന്ന് പണം കിട്ടും. കോടിക്കണക്കിന് രൂപയുടെ മുതലാണ് സിനിമ. എന്‍റെ സ്വന്തം ആളാണെങ്കിലും ഒരു സിനിമ പൊളിഞ്ഞാല്‍ കഴിഞ്ഞു. പവര്‍ഗ്രൂപ്പിനൊന്നും നിലനില്‍ക്കാന്‍ സാധിക്കില്ല. കഴിവിന്‍റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടക്കുന്നത്-മുകേഷ് പറഞ്ഞു.

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, രാജിവയ്ക്കുന്നതൊക്കെ ഓരോ വ്യക്തികളുടെയും ആത്മവിശ്വാസവും മനഃസാക്ഷിയുമാണെന്നും തനിക്കതിൽ അഭിപ്രായമില്ലെന്നും നടൻ മുകേഷ് പറഞ്ഞു. രാജിവയ്ക്കണമെന്ന് താൻ പറ‍ഞ്ഞിട്ട് രഞ്ജിത്ത് നിരപരാധിയാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്‍റെ മുഖത്ത് എങ്ങനെ നോക്കും. രാജിവയ്ക്കണ്ട എന്നു പറഞ്ഞാൽ അദ്ദേഹം ഏന്തെങ്കിലും തെറ്റു ചെയ്തു എന്നു വന്നാൽ അവിടെയും പ്രശ്‌നമുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തിന്‍റേയും മനസാക്ഷിയുടേയും തീരുമാനമാണ്- മുകേഷ് പറഞ്ഞു.

കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ എതെങ്കിലും തരത്തില്‍ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പെൺകുട്ടികൾ ഒറ്റയ്ക്കുപോയി അഭിമാനത്തോടെ കലാരംഗത്ത് പ്രവർത്തിച്ച് സ്വന്തം നിലയ്ക്ക് കുടുംബത്തെ പോറ്റാനുള്ള സാഹര്യമുണ്ടാകണം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് കേസെടുത്ത് കഴിഞ്ഞ് അവർ പരാതിയില്ലെന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നായിരുന്നു എം.എൽ.എയുടെ മറുചോദ്യം. ഇക്കാര്യങ്ങളൊക്കെ സർക്കാരും സംഘടനകളും തീരുമാനിക്കട്ടെ. പരാതി പറഞ്ഞെങ്കിൽ അത് പുറത്തുവരണം. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാർഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങൾ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി