നിലമ്പൂർ: നിലമ്പൂരിൽ നിന്നുള്ള ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ തികഞ്ഞ ആത്മവിശ്വാസം പങ്കുവച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. വഴിക്കടവിൽ യുഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തുകളിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരമാണ് ഇവിടെ പ്രതിഫലിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും മുന്നേറ്റം യുഡിഎഫിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞതെന്നും മറ്റ് ചിലരൊക്കെ മറ്റ് പലതും പറയുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശില്ല. അത് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് വളരെ കെട്ടുറപ്പോടെ മുമ്പെങ്ങുമില്ലാത്ത ഐക്യത്തോടെയാണ് മണ്ഡലത്തിൽ പ്രവർത്തിച്ചത്. ഇതിന്‍റെയെല്ലാം നല്ല പ്രതിഫലനം മണ്ഡലത്തിൽ കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.