സുപ്രീം കോടതി
ന‍്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിറക്കണമെന്നാവശ‍്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുസ്‌ലിം ലീഗ്.
എസ്ഐആർ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ‍്യോഗസ്ഥർക്ക് സമ്മർദം താങ്ങാൻ സാധിക്കുന്നില്ലെന്നാണ് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജീവനൊടുക്കിയ കാര‍്യവും മുസ്‌ലിം ലീഗ് നൽകിയ ഹർജിയിൽ പറയുന്നുണ്ട്.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും സർക്കാർ ഉദ‍്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാൽ എസ്ഐആർ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും അതിനാൽ നടപടികൾ അടിയന്തരമായി നിർത്തി വയ്ക്കണമെന്നുമാണ് മുസ്‌ലിം ലീഗിന്‍റെ ആവശ‍്യം.