റമീസിന്‍റെ മാതാപിതാക്കൾക്കെതിരേയും കുറ്റം ചുമത്തി

 
Kerala

ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്‍റെ മാതാപിതാക്കൾക്കെതിരേയും കുറ്റം ചുമത്തി; പ്രതികൾ ഒളിവിൽ

യുവതിയുടെ സുഹൃത്തായ സഹദിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി റമീസിന്‍റെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. രണ്ടും മൂന്നും പ്രതികളായ ഇവരെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണു പൊലീസ് നീക്കം. എന്നാൽ, നിലവിൽ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

കേസിലെ മുഖ്യപ്രതിയും ആലുവ പാനായിക്കുളം സ്വദേശിയുമായ റമീസ് അറസ്റ്റിലായതിനു പിന്നാലെ ഇവർ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു എന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, യുവതിയുടെ സുഹൃത്തായ സഹദിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവതിയെ പ്രതി മർദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസ് എടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസിന്‍റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല. എന്നാല്‍, മതം മാറ്റിയശേഷം ചൂഷണം ചെയ്യുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കുന്നതോ ആയിരുന്നു റമീസിന്‍റെ ലക്ഷ്യമെന്നു കണ്ടെത്തി, ഇതിനായി ആവശ്യമായ തെളിവുകളും ലഭിച്ചാലേ കേസെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

കേസിൽ അന്വേഷണം തുടരുകയാണെന്നും വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 40 ആയി

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ബീം തകർന്നു

''ബാബറും റിസ്‌വാനും പരസ‍്യങ്ങളിൽ അഭിനയിക്കട്ടെ''; വിമർശിച്ച് മുൻ താരങ്ങൾ

തിയെറ്റർ റിലീസിനു പിന്നാലെ കൂലിയുടെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ