എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ഫല സാധ്യതകൾ പ്രവചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90ൽ അധികം സീറ്റ് എൽഡിഎഫിന് ഉറപ്പാണെന്നും ബിജെപിക്ക് ഒറ്റ സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യക്കു സമാനമായ ചില വൈകൃതങ്ങൾ കേരളത്തിലുണ്ടായെന്നും എൻഡിഎയും യുഡിഎഫും പണം ഒഴുക്കിയെന്നും ഗോവിന്ദൻ ആരോപിച്ചു.
പണം എറിഞ്ഞ് വോട്ടു പിടിക്കുന്നതിനുള്ള ശ്രമമുണ്ടായി. എന്നാൽ സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് മതിപ്പുണ്ട്. ജനങ്ങൾക്ക് വേണ്ടത് തുടർഭരണമാണ്. വിശദമായി പരിശോധിച്ചപ്പോൾ ഇത്തവണയും 90ൽ അധികം സീറ്റുകളോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് വ്യക്തമായി. കേരളം സതീശനോട് ക്ഷമിക്കും. വി.ഡി. സതീശൻ വനവാസത്തിനു പോകേണ്ടതില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
2016ഉം, 2021 ഉം വീണ്ടും ആവർത്തിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. സാങ്കൽപികമായി മന്ത്രിസഭാ രൂപീകരണം പോലും നടത്തി. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിച്ചു. ഇപ്രാവശ്യവും ചർച്ചകൾ നടക്കുന്നുണ്ട്.വസ്തുനിഷ്ഠമായി ആരാണ് ഭരിക്കുക എന്നത് ഒമ്പതാം തീയതി തീരുമാനിച്ചു കഴിഞ്ഞു. ആ തീരുമാനത്തോട് പൊരുത്തപ്പെടുത്തുന്ന പണി മാത്രമേ നാലാം തീയതിയുള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.