പ്രതി കേദല്‍ ജിന്‍സണ്‍ രാജ

 

file image

Kerala

നന്തൻകോട് കൂട്ടക്കൊല; വിധി മേയ് 8ന്

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപനം മാറ്റി വച്ചത്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിക്കുന്നത് വ‍്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി മാറ്റി വച്ചത്. മേയ് 6ന് വിധി പ്രസ്താവിക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത് എന്നാൽ, ഇത് വ‍്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

കേദല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി. ജിൻസൺ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വച്ച് കൊന്നുവെന്നാണ് കേസ്. 2017 ഏപ്രിൽ 5നായിരുന്നു നാടിനെ നടുക്കിയ കൊല നടന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊന്ന് മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു.

നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ. രാജ തങ്കം (60), ഡോ. ജീൻ പദ്മ (58), ഇവരുടെ മകൾ കരോലിൻ (26), ബന്ധുവായ ലളിത (70) എന്നിവരാണ് മരിച്ചത്. 3 മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും ഒരെണ്ണം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. താന്‍ സാത്താന്‍ ആരാധന നടത്തിയിരുന്നു എന്നും ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള 'ആസ്ട്രൽ പ്രൊജക്ഷന്' അടിമയാണ് താനെന്നും ഇതാണ് തന്നെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമായിരുന്നു ജിന്‍സണ്‍ അന്ന് പൊലീസിനു നൽകിയ മൊഴി.

കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ തന്‍റെ മാതാപിതാക്കളുടെ ഡമ്മികളെ സൃഷ്ടിക്കുകയും അവയിൽ പരീക്ഷണം നടത്തുകയും കോടാലി ഉപയോഗിച്ച് കഴുത്ത് അറുക്കുന്നതെങ്ങനെയെന്ന് ഇന്‍റർനെറ്റിൽ നോക്കി പഠിച്ചിരുന്നതായും പൊലീസ് തെളിവുകളായി കണ്ടെത്തിയിരുന്നു.

ചെന്നൈയിലേക്ക് രക്ഷപെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം. എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്റ്റർമാർ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് വിചാരണ തുടങ്ങിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു