തലശ്ശേരി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ‍്യമില്ലെന്ന് പൊലീസ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്റ്റർ ബിനു മോഹൻ തലശ്ശേരി അഢീഷണൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്.
എഡിഎമ്മിന്‍റെ ഭാര‍്യ മഞ്ജുഷയുടെ ആരോപണം അടിസ്ഥാന രഹിതമെന്നും ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് കരട് പരാതിക്കാരിയെ ബോധ‍്യപ്പെടുത്തിയിരുന്നതായും സിസിടിവി ദൃശ‍്യങ്ങളും തെളിവുകളും കോടതിയിൽ സമർപ്പിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നേരത്തെ കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് മഞ്ജുഷ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുണ്ടായിരുന്ന രത്നകുമാറിന്‍റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവ് പി.പി. ദിവ‍്യക്കെതിരായ കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ‍്യതയുണ്ടെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഫെബ്രുവരി 19ന് കേസ് വീണ്ടും പരിഗണിക്കും.